ചങ്ങനാശേരി: കേരള ജല അഥോറിറ്റിയുടെ ഗാർഹിക കണക്ഷനുകളിലെ വെള്ളം ഗാർഹികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്. കടുത്ത വേനൽ കാരണം തുടർച്ചയായി രാത്രിയിൽ അടക്കം സപ്ലൈ നൽകുമ്പോൾ വെള്ളം ടാങ്കിലേക്ക് തനിയെ കയറാൻ വാട്ടർ മീറ്ററിനു ശേഷം ടാപ്പിൽനിന്നും ടാങ്കിലേക്ക് ഫ്ളോട്ട് വാൽവ് ഉപയോഗിച്ച് കണക്റ്റ് ചെയ്യുക. തന്മൂലം സപ്ലൈ നടക്കുമ്പോൾ വെള്ളം തനിയെ ടാങ്കിൽ ശേഖരിക്കപ്പെടുകയും ടാങ്ക് നിറയുമ്പോൾ തനിയെ ഓഫ് ആകുകയും ചെയ്യും.
വീടുകളിൽ ആവശ്യമായ വെള്ളം ടാങ്കുകളിൽ ശേഖരിച്ചശേഷം കിണറ്റിലേക്കോ പറമ്പിലേക്കോ പൈപ്പ് തുറന്നുവിടാൻ പാടില്ല. ഇങ്ങനെ ചെയ്യുന്നത് മൂലം പൈപ്പ് ലൈനിൽ പ്രഷർ കുറഞ്ഞ് സമീപത്തു തന്നെയുള്ള ഉയർന്ന ഭാഗത്തുള്ള ആളുകൾക്ക് സ്ഥിരമായി വെള്ളം ലഭിക്കാത്ത സാഹചര്യമുണ്ടാകും.
റോഡിലെ പ്രധാന ജലവിതരണ പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണികൾ മാത്രമാണ് അഥോറിറ്റി ചെയ്യുന്നത്. വീടുകളിലേക്ക് ഉള്ള കണക്ഷൻ പൈപ്പിന്റെ അറ്റകുറ്റപ്പണികൾ, ലീക്കുകൾ എന്നിവ അതാത് കൺസ്യൂമർ, ലൈസൻസ് പ്ലംബർ മുഖേന നിർവഹിക്കേണ്ടതാണ്.
പൊതുടാപ്പുകൾ ഗാർഹിക ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുക. ഹോസ് തുടങ്ങിയ ഉപകരണങ്ങൾ ഘടിപ്പിക്കുക, പൊതുടാപ്പുകളുടെ പരിസരത്ത് മൃഗങ്ങളെ കുളിപ്പിക്കുക, വാഹനങ്ങൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ കഴുകുക തുടങ്ങിയവ പൂർണമായും ഒഴിവാക്കുക.
ജല മോഷണം, ജല ദുരുപയോഗം തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന 1916 ടോൾ ഫ്രീ നമ്പറിലോ 0481 2420634 നമ്പറിലോ അറിയിക്കാവുന്നതാണ്. ആന്റി തെഫ്റ്റ് സ്ക്വാഡിന്റെ പരിശോധനയിൽ ഇത്തരം ജലമോഷണം കണ്ടെത്തുന്ന പക്ഷം കണക്ഷൻ വിച്ഛേദിക്കുകയോ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നതാണ്.